Kerala Rescue
Priority : High Medium Low
 Aug. 13, 2019, 6:15 a.m. MEDIUM priority

നാട് ദുരിതത്തിൽ പെടുമ്പോൾ, സഹായം നൽകേണ്ടതില്ല എന്ന പ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വർഷം മഹാ പ്രളയ കാലത്താണ്. കേരളത്തിന് പണം ആവശ്യമില്ല എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ അന്നത്തെ പ്രചാരണം. ജനങ്ങൾ പക്ഷെ അത് തള്ളിക്കളഞ്ഞു. ഇത്തവണ കാലവർഷക്കെടുതി രൂക്ഷമാകുമ്പോഴും "സഹായം കൊടുക്കരുത്" എന്ന് പറയുന്നവരെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. വ്യാജപ്രചാരണവും നടക്കുന്നു. എന്നാൽ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ല. അത് തെളിയിക്കുന്ന രണ്ടനുഭവങ്ങൾ ഇവിടെ പങ്കു വെക്കുകയാണ്. ഒന്നാമത്തേത് എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്റേതാണ്. ബലിപെരുന്നാളിന്റെ തലേന്ന്, തന്റെ പെരുന്നാൾ ഇതാണെന്നു പറഞ്ഞുകൊണ്ടാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയർമാരെ വിളിച്ചു കയറ്റി പുതുവസ്ത്രങ്ങളുടെ ശേഖരംതന്നെ ഏൽപ്പിച്ചത്. നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണു സാധാരണക്കാരനായ ആ വ്യാപാരി ഒരു സംശയുവുമില്ലാതെ പറഞ്ഞത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയ പ്രവർത്തകരെ "ഒന്നെന്റെ കടയിലേക്ക് വരാമോ" എന്ന് ചോദിച്ചു വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങൾ ചാക്കിനുളളിൽ കെട്ടിയാണ് നടൻ രാജേഷ് ശർമയുൾപ്പെടെയുള്ളവർ അവിടെ നിന്നിറങ്ങിയത്. നൗഷാദിനെ പോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വ്ലാത്താങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആർ എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. ആദർശ് കഴിഞ്ഞ ദിവസം ഓഫിസിൽ വന്നു എന്നെ കണ്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചു മിടുക്കൻ വന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്. തനിക്കു കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ചുകൊണ്ടാണ് ഇങ്ങനെ സംഭാവന നൽകുന്നത്. ആദ്യ സംഭാവന പുറ്റിങ്ങൽ ദുരന്തം നടന്നപ്പോഴായിരുന്നു. നൗഷാദും ആദർശും നമ്മുടെ നാടിന്റെ മാതൃകകളാണ്. ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടത്. എല്ലാ ദുഷ്പ്രചാരണങ്ങൾക്കും ഇടങ്കോലിടലുകൾക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങൾ. ഇത് ഒറ്റപ്പെട്ടതല്ല. ഇതു പോലെ അനേകം സുമനസ്സുകൾ ഈ നാടിന് കാവലായുണ്ട്.
 Aug. 13, 2019, 6:15 a.m. #Chief Minister
 Aug. 13, 2019, 6:14 a.m. MEDIUM priority

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തലിന് ശേഷം തിരുവനന്തപുരം നഗരസഭ ആസ്ഥാനത്തു ചെന്നപ്പോൾ കണ്ടത്, വലിയ ആൾക്കൂട്ടം തന്നെ ദുരിതകേന്ദ്രങ്ങളിലേക്കു അയക്കാനുള്ള അവശ്യ സാധനങ്ങൾ തയാറാക്കുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഓരോ ജില്ലയിലെയും ആവശ്യങ്ങൾ മനസ്സിലാക്കിയിരുന്നു. ആ ആവശ്യങ്ങൾ മനസ്സിലാക്കി സാധനങ്ങൾ ശേഖരിക്കുന്ന അനുഭവമാണ് നഗരസഭയിൽ ഉണ്ടായത്. സാധനങ്ങളും വാങ്ങി നിരവധി പേർ എത്തുന്നു. നമ്മുടെ നാടിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു ജനക്കൂട്ടവും അവരുടെ കയ്യിലുള്ള സാധനങ്ങളും. ഈ സാധനങ്ങൾ ഏറ്റുവാങ്ങാനും അടുക്കിവെക്കാനുമായി നൂറുകണക്കിന് യുവജനങ്ങൾ സ്വയംസന്നദ്ധരായി എത്തിയിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ നമ്മുടെ യുവത്വം നൽകുന്ന ഊർജ്ജം ചെറുതല്ല. നഗരസഭയുടെ ഏഴ് വണ്ടികൾ സാധന സാമഗ്രികളുമായി വയനാട്, മലപ്പുറം ജില്ലകളിലേക്ക് പോയിക്കഴിഞ്ഞുവെന്നാണ് മേയർ വി കെ പ്രശാന്ത് പറഞ്ഞത്. അവശ്യസാധനങ്ങൾ അടങ്ങിയ എട്ടാമത്തെയും ഒൻപതാമത്തേയും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ അങ്കണത്തിൽ നിർവ്വഹിച്ചു. തലസ്ഥാനത്തുതന്നെ സർക്കാരിന്റേയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി സംഭരണ കേന്ദ്രങ്ങൾ പുരോഗമിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങൾക്ക് ആപത്തു നേരിട്ട കാലത്ത് അവരെ സഹായിക്കാൻ രംഗത്തിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയും ജില്ലയിൽ നിന്നാകെ സാധനങ്ങൾ സംഭരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആരംഭിച്ച ശേഖരണ കേന്ദ്രത്തിലേക്കും ജനങ്ങൾ വലിയ ആവേശത്തോടെ സാധനങ്ങൾ എത്തിക്കുന്നതായാണ് മനസ്സിലാക്കിയത്. നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കും എന്ന ഉറപ്പാണ് ഈ അനുഭവം.
 Aug. 13, 2019, 6:14 a.m. #Chief Minister